Wednesday, 29 May 2013

എന്‍റെ അച്ഛാനായിരുന്നു  മോഹനന്‍ ഡോക്ടറുടെ   വീടിന്‍റെ ആശാരി പണിയെടുത്തത് അച്ഛന്റെ സഹായിയായി പഠനം പാതിവെച്ച് നിര്‍ത്തിയ
ഞാനും .ഒരു ദിവസം ജനല്‍ചില്ലു വാങ്ങാന്‍  മോഹനന്‍ ഡോക്ടറുടെ  കൂടെ ചിറ്റാരിപ്പരമ്പ് പോയിട്ടും വരുമ്പോള്‍ ചെറിയ ചാറ്റല്‍മഴ, ഞാനും മോഹനന്‍ ഡോക്ടറും കണ്ണവത്തു ബൈക്ക് നിര്‍ത്തി ഒരു കടയുടെ വരാന്തയില്‍ കയറി
നിന്നു .. ചാറ്റല്‍മഴയുടെ രൂപം മാറി , ഒരു ഉഗ്രന്‍ മഴ .. മഴയ്ക്ക് കൊഴുപ്പേകാനായി നല്ല കാറ്റും ഇടിവെട്ടും

മഴത്തുള്ളികളെ നോക്കിയിട്ട് മോഹനന്‍ ഡോക്ടര്‍ പറഞ്ഞു " പ്രതീക്ഷിക്കാത്ത ഒരു മഴ അല്ലെ "......?

അതിനു ഉള്ള മറുപടിയായി ഞാന്‍ പറഞ്ഞത് ഇതായിരുന്നു

മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി....

വീട്ടില്‍ ആശാരി പണിക്കു വന്ന ആശാരിചെക്കന്‍റെ വായില്‍ നിന്നും ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വരികള്‍
വന്നതിന്‍റെ ഞെട്ടല്‍ ഞാന്‍ മോഹനന്‍ ഡോക്ടറുടെ  മുഖത്തു കണ്ടു .....

ഞാനും അദേഹവും പിന്നീടു കൊറേ സംസാരിച്ചു ......ആലച്ചേരി ജ്ഞാനോദയം വായനശാലയിലെ പുസ്തകങ്ങളുടെ അകമ്പടിയോടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള എന്‍റെ നയങ്ങളും നിലപാടുകളും ഞാന്‍ അദേഹത്തോട് വാതോരാതെ സംസാരിച്ചു  ...

വീട്ടില്‍ മടങ്ങിയെത്തിയ ഡോക്ടര്‍ എന്‍റെ അച്ഛനെ ഫോണ്‍ വിളിച്ചു വരുത്തി .., എന്നിട്ട് പറഞ്ഞു .. രഞ്ജിത്തിനു ശ്രമിച്ചാല്‍ ഇനിയും പഠിക്കാം
ഇവന്‍ ആശാരിപ്പണിയെടുത്ത് നടന്നാല്‍ ശരിയാവില്ല ..ഇങ്ങള് ഇവനെ പഠിക്കാന്‍ വിടണം ...

ഡോക്ടറുടെ  വാക്കും വീട്ടുകാരുടെ നിര്‍ബന്ധവും കൂടി ആയപ്പോള്‍ എനിക്ക് വീണ്ടും ഒരു പഠിതാവിന്റെ കുപ്പായം ഇടേണ്ടി വന്നു ..

അറിവിന്‍റെ ലോകത്തിലെക്കുള്ള യാത്രയില്‍ എന്നെ സഹായിച്ച എല്ലാവരെയും ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു...

എന്‍റെ മനസില്‍ ഇപ്പോള്‍   മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ... ഓര്‍മ്മകളുടെ കുളിരുള്ള മഴ .......

വാല്‍ക്കഷണം : ഇന്നു ഫേസ് ബുക്കില്‍ മോഹനന്‍ ഡോക്ടറെ കണ്ടു... അറിയുമോ എന്നാ ചോദ്യത്തിനു , അറിയില്ല എന്നാ മറുപടി
ചെറിയ പരിഭവം തോന്നി എങ്കിലും പരിജയപ്പെടുത്തിയപ്പോള്‍ മനസിലായി ,.

Sunday, 26 May 2013

ചതി

ചിരിച്ചു കൊണ്ട് സ്നേഹം നടിക്കാന്‍ പഠിച്ചത്തില്ല ഞാന്‍
കൊടുത്ത സ്നേഹം ചിലര്‍ തിരിച്ചു തന്നുമില്ല
വെളുത്ത പല്ല് കാട്ടി കറുത്ത മനസുകൊണ്ട് ചിരിച്ചുചിലര്‍
ചിരിച്ചു ചതിച്ചവര്‍ പിന്നെ ചിരിച്ചത്തില്ല -
അടുത്തവര്‍ ഒക്കെ ചതിച്ചപ്പോള്‍ , ചതിച്ചതൊന്നും നിന്‍റെ മിടുക്കല്ല
പൊറുക്കുവാന്‍ മാത്രം പഠിച്ചവന്‍ ഞാന്‍ -
മരിക്കുവോളം സ്നേഹം കൊടുക്കും ഞാന്‍
തിരിച്ചു കിട്ടാത്ത എന്തുണ്ട് ഭൂമിയില്‍-
തിരിച്ചു കിട്ടുംവരെ വെളുത്ത പല്ലുക്കാട്ടി ചിരിക്കും ഞാന്‍ -



Saturday, 25 May 2013

എന്‍റെ അച്ഛന്‍

അമ്മയെ കുറിച്ച് സംസാരിക്കാന്‍ നമ്മള്‍ക്ക് ആയിരം നാവാണ് എത്ര പറഞ്ഞാലും മതിയാവില്ല അമ്മയുടെ സ്നേഹലാളന....
അമ്മയെ പോലെ തന്നെ വൈകാരികബന്ധമുള്ള ഒരു വ്യക്തിയാണ് അച്ഛന്‍ ....

ഞാനും അച്ഛനും തമ്മില്‍ സംസാരം വളരെ കുറവാണു അതിനു കാരണം എന്താണ് എന്ന് എനിക്ക് ഇന്നും അറിയില്ല ....
എന്‍റെയും അച്ഛന്റെയും ഇടയില്‍ ഒരു  മതില്‍ക്കെട്ട് ഉള്ളതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു..അച്ഛന്റെയും എന്‍റെയും
ആശയവിനിമയം പലപ്പോളും അമ്മയിലൂടെ ആയിരുന്നു ..തലശേരിയില്‍
N T T F ല്‍ അച്ഛന്‍ എനിക്ക് അഡ്മിഷന്‍ എടുക്കാന്‍
എല്ലാം ശരിയാക്കിയപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു " N T T F ല്‍ അഡ്മിഷന്‍ എടുത്തിട്ടു അച്ഛന്‍ പോയി പഠിക്കും ..
ഞാന്‍ പോകില്ല അനക്ക്  ആനിമേഷന്‍ പഠിച്ചാല്‍ മതി "

അച്ഛനെ ധിക്കരിച്ചു ഞാന്‍ ഏറണാകുളത്തേക്ക് ആനിമേഷന്‍ പഠിക്കാന്‍ വണ്ടി കയറുമ്പോള്‍ അച്ഛന്‍ അമ്മയുടെ കൈയില്‍ കുറച്ചു നോട്ടുകെട്ടുകള്‍
എനിക്ക് തരാന്‍ ഏല്‍പ്പിച്ചു അച്ഛന്റെ വിയര്‍പ്പിന്റെ മണമുള്ള ആ പണം കൊണ്ട് ഞാന്‍ എന്‍റെ പഠനം തുടങ്ങി ..

പഠനശേഷം ഹൈദരാബാദില്‍ കിട്ടിയ ജോലിയുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് മനസിലാക്കിയ അച്ഛന്‍ അമ്മയെ കൊണ്ട് എന്നെ ഫോണ്‍ വിളിപ്പിച്ചു അമ്മ എന്നോട് പറഞ്ഞു "ഇന്നോട് അച്ഛന്‍ പറയുന്നത് നാട്ടിലേക്കു പോരാനാണ് ഈടെ ഏറണാകുളത്തു എന്തെങ്കിലും നോക്കാം എന്ന് ".... നേരിട്ട് അച്ഛന്‍ എന്നെ സ്നേഹിച്ചില്ല എങ്കിലും അച്ഛന്റെ സ്നേഹം ഞാന്‍ പലപ്പോളും അറിഞ്ഞിട്ടുണ്ട് ...


പ്രവാസ ജീവിതത്തിലെക്ക് എന്നെ യാത്രയാക്കാന്‍ വന്ന അച്ഛന്‍ എന്നെ ആദ്യമായി കെട്ടിപ്പിടിച്ചു........ പൊട്ടിക്കരഞ്ഞകൊണ്ട് എനിക്ക് ഒരു
ഉമ്മ തന്നു..,,,,, എന്‍റെ അച്ഛന്‍ എന്‍റെ ഓര്‍മ്മയില്‍ എനിക്ക് തന്ന
ആദ്യ ചുംബനം .......

അന്ന് ഞാന്‍ അറിഞ്ഞു എന്‍റെ ഒരു കൈയില്‍ ഒതുങ്ങുന്നുള്ള ആരോഗ്യമേ എന്‍റെ അച്ഛന് ഉള്ളു എന്നാ സത്യം ...........എന്‍റെ അച്ഛന് തുല്യം വെക്കാന്‍
എന്‍റെ അച്ഛന്‍ മാത്രം ......

Wednesday, 22 May 2013

അവള്‍ എന്‍റെ കാമുകി


കണ്ണാരപ്പൊത്തി  കളിച്ചൊരു കാലത്ത് ......എന്നെ കണ്ടിട്ടും മറ്റാര്‍ക്കും -

കാട്ടിക്കൊടുക്കത്തവള്‍ ..

പെറ്റു പെരുകാന്‍ പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി ..മറ്റാര്‍ക്കും -

കൊടുക്കാത്ത എനിക്ക് തന്നവള്‍

ഞാന്‍ പകുതി കടിച്ച മൂവാണ്ടന്‍ മാങ്ങ . ചോദിച്ചു വാങ്ങി തിന്നു -

തീര്‍ത്തവള്‍

തെയ്യപറമ്പിലെ ആരവങ്ങള്‍ക്കിടയില്‍ കണ്ണോടു കണ്ണ് നോക്കി -

നിന്നവള്‍ ...........

രണ്ടുനാള്‍ മിണ്ടാതെ നിന്നപ്പോള്‍ , എന്‍റെ മുന്നില്‍ വന്നു  -

പൊട്ടിക്കരഞ്ഞവള്‍ ,

ആദ്യമയി ചോദിച്ച ചുടുചുംബനം നാളെ തരാമെന്നു പറഞ്ഞു -

ഓടിമറഞ്ഞവള്‍

ഇന്ന് ഞാന്‍ കാണുമ്പോള്‍ മറ്റൊരുത്തന്‍റെ വധുവായി , കണ്ടിട്ടും -

കാണാത്തതായി നടിച്ചു നടന്നു -

നീങ്ങിയവള്‍ ........


Saturday, 18 May 2013


1987 -മെയ്‌ - 19 ,നു മാലോകര്‍ എല്ലാവരും കൂര്‍ക്കംവലിച്ച്‌ ഉറങ്ങുമ്പോള്‍ രാത്രി 11 .30 നു (എന്‍റെ അമ്മാവന്റെ വാച്ച് ശരിയാണ് എങ്കില്‍ ) മുഖത്തു ഒരു അളിഞ്ഞ ചിരിയോടെ കൂടി ഉത്രം നക്ഷത്രത്തില്‍ ഞാന്‍ ഭൂജാതനായി എനിക്കും അമ്മയ്ക്കും നല്ല ടെന്‍ഷന്‍ .,അമ്മയുടെ ആദ്യ പ്രസവും ,എന്‍റെ കന്നി ജനനവും ,

ഇരിട്ടിയിലുള്ള തുളസി ഡോക്ടറുടെ കൈകളിലെക്കാണ് ഞാന്‍ പിറന്നു വീണത്‌ .... (തുളസി ഡോക്ടര്‍ക്ക് നന്ദിയും ആദരാഞ്ജലിയും)

പ്രവാസവാസിയായ എന്‍റെ അച്ഛന് എന്‍റെ ജനനം കാണാനുള്ള ഭാഗ്യമില്ലയിരുന്നു . എന്നെ ഒന്ന് കാണാന്‍ . അദേഹത്തിന് പിന്നെയും അഞ്ചു
വര്‍ഷക്കൂടി കാത്തിരിക്കേണ്ടി വന്നു  ...( എനിക്ക് ഒരു മകന്‍ ഉണ്ടാകുമ്പോള്‍ അച്ഛനെ ആദ്യം കാണിക്കാം കേടോ .... )

സമ്പല്‍സമൃദ്ധിയുടെ നടുവിലേക്കാണ് ഞാന്‍ ജനിച്ചു വീണത്‌ ..അച്ഛന്‍ ബഹറിനില്‍.. നാല് അമ്മാവന്‍മാരുടെ ഏറ്റവും ഇളയ കുഞ്ഞു അനിയത്തിയുടെ  ഒരേ ഒരു ആണ്‍ക്കുട്ടി...(എന്‍റെ കൈകളില്‍ മൊത്തം എട്ടു മോതിരങ്ങള്‍ ഉണ്ടായിരുന്നു ..ഒരു വലിയ സ്വര്‍ണ്ണ മാല സ്വര്‍ണ്ണ
അരഞ്ഞാണം അങനെ പലതും ...എന്‍റെ രണ്ടു അനിയത്തിമാര്‍ക്കും ഈ ഒരു കാര്യത്തില്‍ എന്നോട് അസൂയായാണ്‌ അവര്‍ ജനിച്ചപ്പോള്‍ 
എന്‍റെ അച്ഛന്‍ പൊട്ടി പാളിഷായിപ്പോയിരുന്നു) 

എന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ ഉണ്ട്............. അതില്‍ ഒരു കഥ ഞാന്‍ പറയാം (കലാകാരന്‍ മഹാനായ പോന്നപ്പത്തു സിബി )

സ്വന്തം മകന്‍ വെളുക്കാന്‍ അച്ഛന്‍ അമ്മക്ക് കുങ്കുമപ്പൂവ് കൊടുത്ത് വിട്ടു അമ്മ കുങ്കുമപ്പൂവ് എന്ന് കരുതി കഴിച്ചത് കറുത്ത ഉണക്ക മുന്തിരിങ്ങയും ....

അങനെ എന്‍റെ ഒരു പിറന്നാള്‍ കൂടി .... മനസിന്‍റെ മണിച്ചെപ്പ്‌ തുറക്കുമ്പോള്‍ ചില്ലുകൂട്ടില്‍ സൂക്ഷിച്ച ഒരു പാട് പിറന്നാള്‍സ്മരണകള്‍ .. പിറന്നാളെന്നു പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ്..... ഇതുവരെ നാം എന്ത് ചെയ്തു ഇനി എന്തുചെയ്യണം  എന്നാ ഓര്‍മ്മപ്പെടുത്തല്‍ ..........

Friday, 17 May 2013

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  ട്രെയിന്‍ നമ്പര്‍  16649 പരശുറാം എക്സ്പ്രസ് ഏതാനം നിമിഷങ്ങള്‍ക്കകം ഫ്ലാറ്റ് ഫോമ ഒന്നില്‍ എത്തിച്ചേരും  "....ഞാന്‍ മെല്ലെ കണ്ണുതുറന്നു അവള്‍ അപ്പോളും എന്‍റെ മാറില്‍ തലച്ചായിച്ചു ഉറങ്ങുന്നു ..ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..എല്ലാവരും പറയുന്നത് ശരിയാണ് ഇവള്‍ ശരിക്കും ഒരു മാലാഖതന്നെ ..ഓര്‍മ്മയുടെ അവസാന പുസ്തകതാളില്‍ വരെ നിന്‍റെ മുഖമാണ് ..നിന്നോടുള്ള അനുരാഗം എന്ന് തുടങ്ങി എന്ന്  എനിക്ക്  അറിയില്ല ...  പലപ്പോളും നിന്നോട് തുറന്നു പറയണം എന്ന് കരുതി ഞാന്‍ അടുത്തു വന്നു നിന്‍റെ കണ്ണുകളിലെ വശ്യത എന്നെ അതിനു അനുവദിച്ചില്ല നിന്‍റെ കണ്ണുകള്‍ എന്‍റെ കണ്ണുകളോടു മെല്ലെ പറയുന്നതായി എനിക്ക് തോന്നി " നീലാ... എനിക്കും നിന്നെ ഇഷ്ടമാണ്  ...."

ഇന്ന് നീ മറ്റൊരുത്തന്റെ വധുവായി കതിര്‍മണ്ഡപത്തില്‍ നില്‍കേണ്ടവള്‍  ........

തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ ആളൊഴിഞ്ഞ മൂലയില്‍ സിമെന്റ്  ബഞ്ചില്‍ എന്‍റെ മാറോട് ചേര്‍ന്ന് കിടക്കുന്നു ...എന്തൊരു  വിരോധാഭാസം  അല്ലെ !!!!!!......

ഇന്നലെ രാത്രി ഞാനൊരു തീരുമാനം എടുത്തു ..ഞാന്‍ ജീവനെക്കാള്‍ ഏറെ  അവളെ  സ്നേഹിച്ചിരുന്നു എന്നാ സത്യം അവളോട്‌  അവസാനമായി ഒന്ന് പറയുക ....എന്‍റെ സ്നേഹം അവള്‍ ഒരിക്കലും തിരിച്ചറിയാതെ പോകരുത് ...

ആളൊഴിഞ്ഞനേരം നോക്കി  ഞാന്‍ അവളോട്‌ പറഞ്ഞു ... "അനക്ക് ഇന്നോട് ഒരു കാര്യം പറയാനുണ്ട് ..."

പറഞ്ഞു മുഴുവിപ്പിക്കുന്നത്തിനു മുബേ അവള്‍ എന്നോട് പറഞ്ഞു 
"ഞാനും ഇന്നേ നോക്കിനടക്കുവായിരുന്നു ...അനക്ക് ഒരു പ്രധാനപ്പെട കാര്യം ഇന്നോടും പറയാനുണ്ട് "

ഞാന്‍ പറഞ്ഞു . " എന്താ ഇഞ്ജി വേഗം പറ ..............."

 അനക്ക് ഈ കല്യാണം വേണ്ട ....  അനക്ക് ഒരാളെ ഇഷ്ടമാണ് ഓന്‍ രാവിലെ പരശുറാം എക്സ്പ്രസില്‍  എറണകുളത്തുന്നു വരും.... .മംഗലാപുരത്തു ചെന്നിട്ട്  രജിസ്റ്റര്‍ മരേജ്‌  ചെയ്യാം എന്നാ ഓന്‍  പറഞ്ഞെ ... ഇഞ്ജി അന്നെ നാളെ രാവിലെ എങനെ എങ്കിലും ഒന്ന്  തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ എത്തിക്കണം 

അതിന്‍റെ ബാക്കിപത്രമാണ്  നിങള്‍ ഇവടെ കാണുന്നത് ...എന്‍റെ സ്നേഹം തിരിച്ചറിയാതെ എന്‍റെ മാറില്‍ തലചായ്ച്ചു അവള്‍ ഉറങ്ങുന്നു ,...ട്രെയിന്‍ വരന്‍ നിമിഷങ്ങള്‍മാത്രം ....

Tuesday, 14 May 2013


കാലത്തിന്റെ ചിതലരിക്കത്ത പൂമരമാണ് സൌഹൃതം തണലും സുഗന്ധവും നല്കുന്ന ഈ സൌഹൃതം മാത്രമാണ് നമ്മുടെ ജീവിതത്തിലെ സൌഭാഗ്യങ്ങള്"..

എനിക്കും പറയാനുണ്ട്‌ സൌഹൃത സൌഭാഗ്യങ്ങളുടെ കഥ ..എന്‍റെ എല്ലാമായ ഷിജുവിനെ കുറിച്ച് ..എനിക്ക് രണ്ടു ഷിജുവുണ്ട് ...അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് ഏതു ഷിജുവിനെയാണ് കൂടുതല്‍ ഇഷ്ടമെന്നു ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ...ഞാന്‍ പറയുന്നത്  ഷിജിന്‍ k p യെ കുറിച്ചാണ് ...
ഷിജിന്‍ എങനെ ഷിജു ആയിയെന്നു ആര്‍കും അറിയില്ല.. ചെറുപ്പം മുതല്‍ എല്ലാരും അവനെ ഷിജു എന്ന് വിളിക്കുന്നു ..ആലച്ചേരിയില്‍ എന്ന് ഞാന്‍ എത്തിയോ അന്നുമുതല്‍ എന്‍റെ വാലായി അവനോ അവന്‍റെ വാലായി ഞാനോ ഉണ്ടാകും ...
ഞാന്‍ ഹൈസ്കൂള്‍വിദ്യാഭ്യസം പകുതിവെച്ച് നിര്‍ത്തി ആശാരി പണിക്ക് പോകുമ്പോള്‍ എന്‍റെ നാടിനു തന്നെ അഭിമാനമായി  ചിറ്റാരിപ്പറമ്പ് സ്കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കും വാങ്ങി അവന്‍ S S L C ജയിച്ചു ..
ഒരു സന്ധ്യമയങ്ങിയ നേരം ഒരു കേട്ട് പുസ്തകവുമായി അവന്‍ എന്‍റെ അടുത്ത് വന്നു....അവന്‍ തന്ന പുസ്തകവും അവന്‍ പകര്‍ന്ന അറിവും എന്നെ ഞാനാക്കി ..

വാല്‍ക്കഷണം : പണ്ട് ഞങള്‍ കളിക്കുമ്പോള്‍ ഞാന്‍ ഒരു മരക്കഷണം കൊണ്ട് ഞാന്‍  അവനെ എറിഞ്ഞു .അവന്‍റെ തല മുറിഞ്ഞു ഞാന്‍ അവനോടു പറഞ്ഞു ,...ഷിജു ഇഞി ഇതു വീട്ടില്‍ പറയരുത് ഞാന്‍ ഇന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ ..അവന്‍ നിറഞ്ഞ കണ്ണുമായി എന്നോട് പറഞ്ഞു..
രന്‍ത്തെ (അവന്‍ എന്നെ അങനെയാണ് വിളിക്കുന്നത് ) ഞാന്‍ ആരോടും  പറയില്ല .. അഞ്ചു മിനിറ്റു കൊണ്ട് ആ സംഭവം കോളയാട് പഞ്ചായത്ത് മൊത്തമറിഞ്ഞു ....... ( അതു എങനെ പുറത്തു അറിഞ്ഞു എന്ന് ഞാന്‍ പിന്നെപറയാം  )  
                 

Monday, 13 May 2013


ഇന്ന് എന്‍റെ കൂട്ടുകാരന്‍ സക്കറിയ എന്നെ ഫോണ്‍വിളിച്ചു അവന്‍ ഒറ്റ ശ്വാസത്തില്‍ എന്നോട് പറഞ്ഞു
അളിയാ നീ അറിഞ്ഞോ നമ്മുടെ മാക്കാന്‍ അച്ഛനായി......... ..എന്‍റെ മനസില്‍ ഒരു മറു ചോദ്യം വന്നു ഞാന്‍
അവനോടു ചോദിച്ചു ഡാ കുട്ടി മാക്കാനെ പോലെയോ അതോ നമ്മുടെ പഴയ മാക്കാത്തിയെ പോലെയോ ??
അവന്‍ പറഞ്ഞു നീ പേടിക്കേണ്ട നല്ല അടിപൊളി ഒരു കുട്ടിയ ഒരു പ്രശ്നവും ഇല്ല  .....എന്‍റെ ഈ ചോദ്യത്തിനും അവന്‍റെ ഉത്തരത്തിനും പിന്നില്‍ വലിയ ഒരു സംഭവം ഉണ്ട് മാക്കാന്റെ അനുവാദത്തോടെ
ഞാന്‍ അത് നിങ്ങളോടു പറയാം .......
മാക്കാന്‍ എന്ന പേര് എങ്ങനെ വന്നു എന്ന് അവനു പോലും അറിയില്ല അവന്‍റെ അമ്മ വരെ അവനെ അങനെയാണ് വിളിക്കുന്നത്‌ .. മാക്കാന്‍ ചുരുങ്ങി ചിലര്‍ അവനെ മാക്കു എന്നും വിളിക്കാറുണ്ട് ...മാക്കാന്‍ ആള് ഒരു ചുള്ളനാണു എന്നും ജിമ്മില്‍ പോകും ദിവസവും പത്തു മുട്ടയുടെ വെള്ള കഴിക്കും .( മുട്ടയുടെ  മഞ്ഞ ഇടക്ക് എനിക്ക് തരും )  മാക്കാന് അഞ്ചു ഷൂവും പത്തു ജീന്‍സും ഒന്‍പത്‌ ഷര്‍ട്ടും ഉണ്ടയിരുന്നു പോരാത്തതിനു ചെത്തിനടക്കാന്‍ മണ്ണെണ്ണ ഒഴിച്ച് ഓടിക്കാന്‍ കഴിയുന്ന ഒരു സുസുക്കിയുടെ ബൈക്കും ..ഇത്രയൊക്കെ ഉണ്ടെങ്കിലും മാക്കനു ഗേള്‍ഫ്രണ്ട് ഇല്ലായിരുന്നു ..ആ പേരും പറഞ്ഞു ഇടക്ക് മാക്കാനെ ഞങള്‍ കളിയാക്കും//
അങനെ ഇരിക്കുമ്പോള്‍ നമ്മുടെ മാക്കാനും ഒരു ഗേള്‍ഫ്രണ്ടിനെ കിട്ടി അവളുടെ പേര് ജീന ..ഞങള്‍ അവളെ മാക്കാത്തി  എന്ന് വിളിച്ചു ..
അവര് തമ്മില്‍ ഒടുക്കത്തെ പ്രേമം .രണ്ടാളും ഏറണാകുളം ആണ് എങ്കിലും തമ്മില്‍ കണ്ടിട്ടില്ലായിരുന്നു ...
പ്രേമം അസ്ഥിക്ക് പിടിച്ചപ്പോള്‍ മാക്കാനും മാക്കാത്തിയും നേരിട്ട് കാണാന്‍ തീരുമാനിച്ചു ..കൂട്ടിനു ഞാനും നമ്മുടെ മണ്ണെണ്ണ ഒഴിച്ച് ഓടിക്കുന്ന സുസുക്കിയുടെ ബൈക്കും...
ഏറെ നേരത്തെ കത്തിരുപ്പിനു ഒടുവില്‍ നാണം കുണുങ്ങി നമ്മുടെ മാക്കാത്തി വന്നു ..ഏകദേശം മുപ്പതു വയസു പ്രായം മത്തങ്ങാ മുഖം പൊക്കം നാല് അടിതികച്ചില്ല ..വായിലെ പല പല്ലുകളും തമ്മില്‍ വിപരീതഅനുപാതത്തില്‍ കയറുപിരിച്ചു  വെച്ചത് പോലെ ഇരിക്കുന്നു .ടാറിട്ട റോഡില്‍ നിന്ന മാക്കാത്തിയെയും റോഡിനെയും തിരിച്ചറിയാന്‍ മാക്കാത്തിയുടെ
കളറും സമ്മതിക്കുന്നില്ല ...
മാക്കാത്തിയെ പരിജയപ്പെടാന്‍ പോലും നില്‍ക്കാത്ത ഞാനും മാക്കാനും ജീവനും കൊണ്ട് ഓടി
അന്ന് രാത്രി മാക്കാന് മാക്കാത്തിയും തമ്മില്‍ അടിച്ചു പിരിഞ്ഞു
കുറച്ചു കഴിഞ്ഞപ്പോള്‍ മാക്കാത്തിയുടെ മെസ്സേജ് വന്നു ആ  മെസ്സേജ് എങനെയായിരുന്നു .

പ്രീയപ്പെട്ട മാക്കാന്‍
       
         ഞാന്‍ നിന്നെ ഇനി ശല്ല്യപ്പെടുത്തുനില്ല നിനക്ക് എന്നെ പോലുള്ള ഒരു മകള്‍ ഉണ്ടാകും ആ മകളെ  ഓര്‍ത്തു നീ ഒരു ദിവസം കരയും ഗുഡ് ബൈ ..നിന്‍റെ സ്വന്തമല്ലാത്ത ...മാക്കാത്തി ..
മാക്കാത്തിയുടെ ഈ ശാപം ഫലിച്ചോ എന്നറിയാന്‍ വേണ്ടിയാണു ഞാന്‍ അവനോടു അങനെ ചോദിച്ചത്
പാവം നമ്മുടെ മാക്കാത്തി ..............
വാല്‍ക്കഷണം ; മാക്കാന്‍ ആരാണ് എന്ന് അറിയണോ ?? .. എന്നും കമന്റ്‌ ഇടുന്ന... ഇന്നു കമന്റ്‌ ഇടാത്ത ആളാണ് നമ്മുടെ മാക്കാന്‍ ...........

Sunday, 12 May 2013


അമ്മ ദിനത്തില്‍ ഞാന്‍  എഴുതാന്‍ കുറച്ചു താമസിച്ചു ക്ഷമിക്കുക ..ഞാന്‍ എന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും പറഞ്ഞെങ്കിലും മോശമല്ലേ ?..
എന്‍റെ അമ്മ രാജമ്മ ....രാജമ്മയും തങ്കച്ചനും നല്ല ചേര്‍ച്ച ...പേര് പോലെ തന്നെയാണ് മനസുകൊണ്ടും അവര് നല്ല ചേര്‍ച്ചയാണ് ... ആറ്റുനോറ്റു ഉണ്ടായ പെണ്‍ത്തരിയായിരുന്നു എന്‍റെ അമ്മ  അതും ഏറ്റവും ഇളയതും അമ്മക്ക് നാലു ചേട്ടന്‍മാരുണ്ട് ..നാല് ചേട്ടന്‍ മാരുടെയും പുന്നാര പെങ്ങളായി അമ്മ അങനെ സസുഖം വാഴുമ്പോള്‍ ...കോട്ടയം കഞ്ഞരത്തനം എന്ന നാട്ടില്‍ നിന്നും എന്‍റെ അച്ഛന്‍ അമ്മയുടെ നാട്ടില്‍ എത്തി ...  അമ്മയുടെ വീടിനു അടുത്തുള്ള  നീടുനോക്കി പള്ളിയിലെ ആശാരി പണി എന്‍റെ അച്ഛനാണ് കരാറു എടുത്തിരിക്കുന്നത് ...അതെ പള്ളിയുടെ കീഴിലുള്ള കോളേജില്‍ അപ്പോള്‍ എന്‍റെ  അമ്മ പ്രീഡിഗ്രീ പഠിക്കുന്നു ...ആദ്യ നോട്ടത്തില്‍ തന്നെ രണ്ടാളുടെയും മനസില്‍ ലഡു പൊട്ടി..മുടിഞ്ഞ പ്രണയം ....
എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ചു എന്‍റെ അമ്മയും അച്ഛനും വിവാഹം കഴിച്ചു...
വിവാഹ ശേഷം അമ്മയുടെ ചേട്ടന്‍മാര്‍ അമ്മയോട് മിണ്ടാതായി ...ചിലര്‍ ഇപ്പോള്‍ എല്ലാം മറന്നു അമ്മയെ പഴയപോലെ സ്നേഹിക്കുന്നു ചിലരുടെ മനസില്‍ ഇപ്പോളും എന്തൊക്കയോ പുകയുന്നു ...
 എല്ലാ പുകയും കേട്ട്അടങ്ങി വീണ്ടും പഴയത് പോലെ ആകട്ടെ എന്ന പ്രതീക്ഷയോടെ മകന്‍ നീലന്‍................... ...............///////////,,..................

Saturday, 11 May 2013


എന്നെ ഓര്‍മ്മയുണ്ടോ ? എന്‍റെ പേര് അമൃതം.. ..പുതിയ തലമുറ എന്നെ മറന്നു കാണും പണ്ട് ആലച്ചേരികാര്‍ക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഞാന്‍ കോളത്തയി വഴി നിങള്‍ എത്ര തവണ എന്‍റെ കൂടെ യാത്ര ചെയ്തിരിക്കുന്നു..., എല്ലാരും എന്നെ മറന്നു അല്ലെ ? എന്നെ അറിയാത്തവര്‍ക്ക് ഞാന്‍ എന്നെ ഒന്ന് പരിജയപ്പെടുത്താം..ഞാന്‍ ഒരു പാവം പഴഞ്ചന്‍ ബസ്‌ ഇപ്പോള്‍ എന്നെ ആര്‍ക്കും വേണ്ട പ്രായം കുറച്ചു ആയി തീരെ വയ്യ പക്ഷേ പണ്ട് ഇങ്ങനെ അല്ലായിരുന്നു . ഒരു കാലത്ത് ആലച്ചേരികാര്‍ക്ക് എവടെ എങ്കിലും പോകണം എങ്കില്‍ ഞാന്‍ മാത്രമേ  ഉണ്ടായിരുന്നുള്ളൂ  . പല രാത്രികളിലും ഞാന്‍ ഉറങ്ങറില്ലയിരുന്നു എങനെ ഉറങ്ങും ഞാന്‍ ഉറങ്ങി വരുമ്പോള്‍ആരെങ്കിലും  വന്നു വിളിക്കും " ഇഞി ഒറങ്ങിയാ ? ഞമ്മളുടെ വടക്കേലെ ബാബുനെ പാമ്പ് കടിച്ചു ..ഇഞി വേഗം
വാ ഞമ്മക്ക് കൂത്തുപറമ്പ്വരെ ഒന്ന് പോകാം ..." പിന്നെ ഒരു പോക്കാണ് ചിലപ്പോള്‍ രാവിലെ തിരിച്ചെത്തും ..അങനെ എത്ര രാത്രികള്‍ .......കാലചക്രം കറങ്ങികൊണ്ടിരുന്നു .. എനിക്ക് പഴയത്‌ പോലെ നിങ്ങളെയും കൊണ്ട് സഞ്ചരിക്കാന്‍ പറ്റാത്തായി  പിന്നെ പുതായി ചില ബസുകള്‍ കൂടി നാട്ടില്‍ വന്നു ..ദിവ്യ , ശ്രീ ശബരി അവരുടെ മുന്നില്‍ പിടിച്ചു നില്ലക്കാന്‍ ഈ വയസന് പറ്റുമോ ?..എന്‍റെ കൂടെ യാത്ര ചെയ്യാന്‍ ആരും വരാതായി എനിക്ക് നിങ്ങളോട് പരിഭവം ഒന്നും ഇല്ലകേട്ടോ ...ഇനി എത്ര കാലം ഞാന്‍ ഉണ്ടാകും എന്ന് എനിക്ക് അറിയില്ല എനിക്ക് എല്ലാവരെയും കാണണം എന്ന് ഉണ്ട് പഴയത് പോലെ എനിക്ക് ഇപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റില്ല .എന്‍റെ പല അവയവങ്ങളും ഇപ്പോള്‍ തുരുമ്പു എടുത്തു .. എന്നെ കൊണ്ട് നിങള്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് എനിക്കറിയാം കൊളത്തയിക്കുന്നു നിങളെയും കൊണ്ട് എനിക്ക് കയറാന്‍ പറ്റാതെ വന്നപ്പോള്‍ നിങള്‍ ശരിക്കും എന്നെ ശപിച്ചു കാണും അല്ലെ ......./..?? എന്‍റെ മഴയത്ത് എന്‍റെ  തകര ഷീറ്റ്  ചോര്‍ന്നു നിങളുടെ പുത്തനുടുപ്പ് നനയുമ്പോള്‍ എന്നെ മനസില്‍ എങ്കിലും വെറുത്തു കാണും അല്ലെ ?.. എല്ലാം ഒരു വയസന്റെ കൈ അബദ്ധമായി കാണണം കേട്ടോ ..
ഒരു പക്ഷെ നമ്മള്‍ ഇനി ഈ ജന്മത്തു കാണില്ലെയിരിക്കും .എങ്കിലും മറക്കാരുത് ഈ വയസനെ ...  ...................................................................

Friday, 10 May 2013


ആലച്ചേരിക്കാര്‍ക്ക് കണ്ണിലുണ്ണിയാണ് വാസു ....വാസുനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട് ..അവന്‍റെ ജീവചരിത്രം
പറയാന്‍ എനിക്ക് എന്‍റെ ആയുസ്സ് മുഴുവനും വേണ്ടി വരും .......
.................................................................................
സീന്‍ 1
------
തന്‍റെ ഹെര്‍ക്കുലീസ് സൈക്കിള്‍ സകല ആരോഗ്യവും എടുത്തു ഒരു ചെങ്കുത്തായ കയറ്റം ചവിട്ടി കയറ്റുന്ന നായകന്‍ ...
മുഖത്തു ഒരുമാതിരി ഒരു അളിഞ്ഞ ഒരു ചിരി...............
പോക്ക് കണ്ടാല്‍ നിങള്‍ കരുതും എന്തോ അത്യാവശ്യ കാര്യത്തിനുള്ള യാത്രയാണ് എന്ന് എന്നാല്‍ ഒരു ലക്ഷ്യമില്ലാതെ
എങ്ങോട്ടോ ഉള്ള യാത്രയാണ്‌ ഇതു ..ഇതിന്‍റെ അവസാനം വഴിതെറ്റി പേരാവൂരോ കൂത്തുപ്പറമ്പോ....പിന്നെ
ഒരു പെട്ടിഓട്ടോറിക്ഷ പിടിച്ചു നാട്ടിലേക്ക് ............

വാല്‍ക്കഷണം : അവന്‍റെ യാത്രയെക്കുറിച്ച് അവന്‍ പറയുന്നത് : യെന്റെ മോനെ ഞാന് ഇങ്ങനെ കോളയാട് ചെന്നപ്പോള്‍
റോഡില്‍ ഒരു മഞ്ഞ വര ഞാന്‍ അയിന്റെ ബയെന്നെ വെച്ചുപ്പിടിച്ചു......കൊറേ അങ്ങ് ചെന്നപ്പോള്‍ രണ്ടു വഴി ഒന്ന് അങ്ങോട്ടും മറ്റൊന്ന് ഇങ്ങോട്ടും
പിന്നെ കൊറേ പീടികയും ....................
.................................................................................
സീന്‍ 1
------
പ്രസാദ്‌യേട്ടന്റെ ബേക്കറിയില്‍ കുറി വിളിക്കാന്‍ എല്ലാവരും എത്തിയിട്ടുണ്ട് .. ബേക്കറി പണി പഠിക്കാന്‍ എന്ന് പറഞ്ഞു നമ്മുടെ വാസുവും അവടെ ഉണ്ട് അമ്പതിനായിരം രൂപയുടെ കുറിയാണ്  പലരും മത്സരിച്ചു കുറി വിളിക്കുന്നുണ്ട് നമ്മുടെ വാസുവിന്‍റെ അച്ഛനും ആ കുറിയില്‍ലുണ്ട് ..ഇടക്ക് വാസു വെറക് എടുക്കാന്‍ വന്നപ്പോള്‍ പുറത്തു ഗംഭീര കുറിവിളി ..................,......അവനും തോന്നി ഒന്ന് വിളിച്ചു നോക്കിയാലോ ....വാസു നീട്ടിവിളിച്ചു അയ്യായിരം കൊറച്ചു ... അങനെ മൊത്തം നാല് തവണ വാസു വെറക് എടുക്കാന്‍ വന്നു .....അവസാനം വാസുവിന്‍റെ അച്ഛന്‍റെ അമ്പതിനായിരം രൂപയുടെ കുറി വെറും പതിനായിരം രൂപയ്ക്കു വാസു സ്വന്തമാക്കി 

വാല്‍ക്കഷണം : എട്ടാംക്ലാസ് ആദ്യദിവസം ക്ലാസില്‍ വന്ന ബെന്നി മാഷ്‌ 
കുട്ടികളോട് എന്നെ കുറിച്ച് നിങള്‍ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ വാസുനോട് ചോദിച്ചാല്‍ മതി  മൂന്ന് കൊല്ലമായി എട്ടാംക്ലാസില്‍ ഞാന്‍ അവനെ പഠിപ്പിക്കുന്നു ....

ഇനിയും പറയാന്‍ ഒരു പാട് ബാക്കി വാസു തല്ലിക്കൊന്നില്ലകില്‍ എഴുതാം .....

Wednesday, 8 May 2013


എന്‍റെ പേര് കണ്ടു ചിലര്‍ ചോദിച്ചു ഡാ നീല നീ ക്രിസ്ത്യനിയാണോ ?? ....ഞാന്‍ മറുപടി കൊടുത്തില്ല കാരണം ഞാന്‍ ആരാണ് എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു ........ പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മുടെ പാപ്പച്ചന്‍ മാഷ് ക്ലാസില്‍ വന്നിട്ട് പറഞ്ഞു ...S T , S T C
കുട്ടികള്‍ എഴുനേല്‍ക്കു അവര്‍ക്ക് ഉള്ള ഗ്രാന്‍ഡ്‌ വന്നിട്ടുണ്ട് ..ഞാന്‍ എഴുനേല്‍ക്കാതെ നില്‍ക്കുമ്പോള്‍ ക്ലാസിലെഎല്ലാകുട്ടികളും എന്നെ നോക്കും ...പാപ്പച്ചന്‍ മാഷ് എന്നെ നോക്കിയിട്ടു പറയും.. "നിനക്ക് എന്നഡാ ഗ്രാന്‍ഡ്‌ വേണ്ടേവേണ്ടെകില്‍ അത് ഈ ഫാപ്പച്ചന്‍ മാഷ്ക്ക് തന്നേക്ക്‌" ... എന്‍റെ രൂപവും ഭാവവും കണ്ടിട്ട് ആണ് ഫാപ്പച്ചന്‍ മാഷ്‌ അല്ല സോറി പാപ്പച്ചന്‍ മാഷ് അങനെ പറഞ്ഞത് ....അപ്പോളാണ് ഞാന്‍ എഴുന്നേറ്റു നിലക്കുന്ന മഹന്‍മാരെയും മഹതികളേയും ശ്രദ്ധിക്കുന്നത് ,,..ഹായ്ഏത് ഇല്ലത്തെ നമ്പുതിരികുട്ടിയ എന്ന് ചോദിക്കണം എന്ന് കരുതിയവള്‍ വരെ S T , S T C  കുറച്ചു ഗ്ലാമര്‍ കൂടിയ ഞാന്‍ S T , S T C ആണോ എന്ന് ഇവര്‍ക്ക് സംശയം ..... ഞാന്‍ നാട്ടില്‍ ഇടക്ക് എന്നെ കളിയാക്കുമ്പോള്‍ കൂട്ടുക്കാരോട് പറയാറുണ്ട് " ഡാ പന്നികളെ നീ ഒകെ ആഫ്രിക്കയില്‍ലോട്ട്വാ ഞാന്‍ അവിടുത്തെ ഷാരൂഖന്‍ ആയിരിക്കും നോക്കിക്കോ ...ഒരു ദിവസം ഒരു പ്രൊജെക്റ്റിന്റെ ആവിശ്യത്തിന്സുഡാനില്‍ പോയി അവടെ എത്തിയപ്പോള്‍ എനിക്ക് മാതൃരാജ്യത്തു എത്തിയപ്പോലെ തോന്നി ...അവടെ ഉള്ള സുന്ദരികള്‍(അവര്‍ക്ക് എന്നെകാള്‍ കറുപ്പുണ്ട്‌ ) എന്നെ നോക്കിയാ നോട്ടം എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
അവരില്‍ ഒരാളെ കെട്ടി അവടെ കൂടിയാലോ എന്ന് ഞാന്‍ വിചാരിച്ചു  


ഇനി എല്ലാരോടും ഞാന്‍ S T , S T C അല്ല  ക്രിസ്ത്യനിയും അല്ല ഞാന്‍ നല്ല നെയ്യ് ഉള്ള......................... ....ഒരു സാധാരണക്കാരന്‍

 വാല്‍ക്കഷണം : എല്ലാം ഒരു തമശയായി എടുക്കണം കേട്ടോ.........
 

Tuesday, 7 May 2013

എന്‍റെ അമ്മയുടെ വണ്ടി പഠനം


എന്‍റെ അമ്മയുടെ ഏറ്റവുംവലിയ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ജോലി നേടുക എന്നത് ...അങനെ ഇരിക്കുമ്പോള്‍ അമ്മയുടെ പരിജയത്തില്‍ലുള്ള ഒരാള്‍ അമ്മക്ക് ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒരു ചെറിയജോലി ശരിയാക്കികൊടുത്തു ... ജോലിക്ക് പോകാനും വരാനും അമ്മ ഒരു കൈനെറ്റിക്ഹോണ്ടയും വാങ്ങി

 വണ്ടിയൊക്കെ വാങ്ങിയെങ്കിലും അമ്മക്ക് അത് ഓടിക്കാന്‍ അറിയില്ലായിരുന്നു ...അങനെ വണ്ടി പഠിപ്പിക്കേണ്ട
ഭാരിച്ച ചുമതല അമ്മ എന്നെ ഏല്‍പ്പിച്ചു .. ആക്സിലെറ്ററോഡു ഉള്ള അമിതസ്നേഹവും ബ്രേക്കിനോടുള്ള വെറുപ്പും
അമ്മ ഇടക്ക് ഇടയ്ക്ക്‌ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു...എത്ര വീണിട്ടും അമ്മക്ക് ഒരു പരിക്കുമില്ല എന്‍റെ ശരിരത്തില്‍
ഇനി പരിക്കുപറ്റാന്‍ ഒരിഞ്ചു സ്ഥാലവും ബാക്കിയില്ല വണ്ടിയുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായ മട്ടാണ് വണ്ടിയുടെ പ്രധാനപ്പെട്ട പല അവയവങ്ങളും ഇളകി തൂങ്ങിക്കിടക്കുന്നു .. ഇത്രയൊക്കെ ആയപ്പോള്‍ ഞാന്‍
അച്ഛനോട് പറഞ്ഞു ...അച്ഛാ ഇങ്ങളുടെ ഓളെ ഇനി വണ്ടിഓടിക്കാന്‍ പഠിപ്പിക്കാന്‍ അനക്ക്‌ പറ്റില്ല ഇങ്ങള് വേണമെങ്കിലും 
പഠിപ്പിച്ചോ ..അടുത്ത ഉഴം അച്ഛന്റെയായിരുന്നു ..അച്ഛന്‍ വലിയൊരു സംഭവം കണ്ടു പിടിച്ചു,.. അമ്മക്ക് സൈക്കിള്‍ ബാലന്‍സ്‌ ഇല്ല ..അതുകൊണ്ട് ആദ്യം അമ്മ സൈക്കിള്‍ ബാലന്‍സ്‌ ആക്കണം ..പുരുഷുയേട്ടന്റെ ഹോട്ടലിന്റെ അടുത്ത് ചെറിയൊരു ഇറക്കമുണ്ട് അച്ഛന്‍ കൈനെറ്റിക്ഹോണ്ട ഓടിച്ച്‌ കയറ്റത്തിന്റെ മുകളില്‍ കൊണ്ടുവെക്കും എന്നിട്ട് അമ്മയെ കൈനെറ്റിക്ഹോണ്ടയില്‍ കയറ്റി തഴേക്ക്‌ തള്ളിവിടും ...അച്ഛന്‍ വണ്ടിയില്‍
നിന്നും കൈയെടുത്താല്‍ അമ്മ വീഴും ...ഒരു ദിവസം വണ്ടി പഠിക്കാന്‍ പോയ രണ്ടാളെയും വീട്ടില്‍ലെത്തെണ്ട സമയംകഴിഞ്ഞിട്ടും കാണുന്നില്ല ..കാത്തിരുപ്പിനു ഒടുവില്‍ രണ്ടാളും വീട്ടില്‍ ഹാജര്‍ ..അമ്മയുടെ മുഖത്തു സൂക്ഷിച്ചുനോക്കിയപ്പോള്‍ മുന്‍നിരയിലുള്ള രണ്ടു പല്ലുകള്‍ കാണുനില്ല മൂക്കിനു വലിയ ഒരു കെട്ടും .......ഞാന്‍ അമ്മയോട് ചോദിച്ചു
" അമ്മേ ഇതു എന്ത് പറ്റി ?? " മൂക്ക് അടഞ്ഞ ശബ്ദത്തില്‍ അമ്മ പറഞ്ഞു " അച്ഛന്‍ ഒന്ന് മുണ്ട് മാടി കുത്തിയതാ ..."
അച്ഛന്‍ കഥ വിവരിച്ചുത്തന്നു ..കയറ്റത്തിന്റെ മുകളില്‍ നിന്നും കൈനെറ്റിക്ഹോണ്ടയില്‍ അമ്മ താഴേക്ക്‌ വരുമ്പോള്‍ വണ്ടിയുടെ പുറകില്‍ പിടിച്ചു അച്ഛനും താഴേക്ക്‌ വരാറുണ്ട് അന്ന് പതിവുപോലെ താഴേക്ക്‌ വരുമ്പോള്‍
അച്ഛന്റെ മുണ്ടും ഒന്ന് അഴിഞ്ഞു അഴിഞ്ഞ മുണ്ട് മാടി കുത്താന്‍ അച്ഛന്‍ വണ്ടിയില്‍നിന്നും കൈ എടുത്തതും അമ്മ വണ്ടിയും നേരെ ഒരു ടെലിഫോണ്‍ പോസ്റ്റില്‍ പോയി ഒരൊറ്റയിടി ...........ആ ഇടിക്കു ശേഷം പിന്നെ അമ്മ കൈനെറ്റിക്ഹോണ്ടയുടെ പുറകില്‍ പോലും കയറിയിട്ടില്ല ....